നെടുമങ്ങാട്: വയോധികയെയും മകളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പനവൂർ പാണയം മേലേപാണയം കിഴക്കുംകര പുത്തൻവീട്ടിൽ മാധവി അമ്മ (93), മകൾ സുധാഭായി (71) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് വീട്ടിനുള്ളിൽ ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
വാർധക്യസഹജമായ അസുഖങ്ങളാൽ കിടപ്പിലായ മാധവിയമ്മയെ മകൾ സുധാഭായിയാണു പരിചരിച്ചിരുന്നത്. മാധവിയമ്മയുടെ മൂത്തമകൻ മോഹനൻ നായർ കുടുംബസമേതം സമീപത്തുതന്നെയാണു താമസം. ഞായറാഴ്ച രാവിലെ പതിവുപോലെ സുഖവിവരങ്ങളറിയാൻ മാധവിയമ്മയുടെ വീട്ടിലെത്തിയ മോഹനൻ നായരുടെ ഭാര്യ തങ്കമണി സുധാഭായിയെ വിളിച്ചെങ്കിലും ഏറേനേരം കഴിഞ്ഞിട്ടും പ്രതികരണമില്ലാതിരുന്നതിനെത്തുടർന്ന് വീടിനുള്ളിൽ കയറി നോക്കിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയിൽ കണ്ടെത്തിയത്. ഉടൻതന്നെ പാലോട് പൊലിസിൽ വിവരം അറിയിച്ചു.
മാധവിയമ്മ വാർധക്യ സഹജമായ അസുഖങ്ങൾമൂലവും സുധാഭായി ആസിഡ് ഉള്ളിച്ചെന്നുമാണ് മരിച്ചതെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. അമ്മ മരിച്ചതറിഞ്ഞു മകൾ ജീവനൊടുക്കിയാതാവാമെന്നു പൊലിസും കരുതുന്നു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. സുധാഭായി അവിവാഹിതയാണ്. രാമചന്ദ്രൻ നായർ, ബാബുക്കുട്ടൻ നായർ, ഗീതാകുമാരി, ചന്ദ്രിക എന്നിവരാണ് മാധവിയമ്മയുടെ മറ്റുമക്കൾ.